Monday, April 29, 2024
keralaNews

മണ്‍സൂണ്‍ വ്യാഴാഴ്ച എത്തുമെന്ന് കാലാവസ്ഥ വകുപ്പ്.

കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മൂന്നിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. രാജ്യത്ത് ഇത്തവണ സാധാരണനിലയിലുള്ള മണ്‍സൂണാണ് പ്രതീക്ഷിക്കുന്നത്.മണ്‍സൂണ്‍ കാലയളവില്‍ ശരാശരി 101 ശതമാനം മഴയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മധ്യഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. വടക്കേന്ത്യയിലും ദക്ഷിണേന്ത്യയിലും സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ സാധാരണനിലയിലായിരിക്കും.

ദക്ഷിണേന്ത്യയില്‍ സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. 92 മുതല്‍ 108 ശതമാനം വരെ മഴയാണ് കണക്കുകൂട്ടുന്നത്. കടലോപരിതലത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് മണ്‍സൂണിനെ സ്വാധീനിക്കുന്നത്.അതേസമയം ജൂണ്‍ നാലുവരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.