Saturday, May 4, 2024
keralaNews

മണല്‍ മാഫിയയുമായി ബന്ധം : ഏഴു പോലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു

തിരുവനന്തപുരം: മണല്‍ മാഫിയക്ക് സഹായം ചെയ്ത ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കി. മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാര്‍ക്കും അഞ്ച് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും എതിരെയാണ് നടപടി. കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിചച് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ കണ്ണൂര്‍ റേഞ്ചില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറല്‍), ഗോകുലന്‍ സി (കണ്ണൂര്‍ റൂറല്‍), സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഷാര്‍ പി എ (കണ്ണൂര്‍ സിറ്റി), ഷിബിന്‍ എം വൈ (കോഴിക്കോട് റൂറല്‍), അബ്ദുള്‍ റഷീദ് ടി.എം (കാസര്‍ഗോഡ്), ഷെജീര്‍ വി എ (കണ്ണൂര്‍ റൂറല്‍), ഹരികൃഷ്ണന്‍ ബി (കാസര്‍ഗോഡ്) എന്നിവരെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. മണല്‍ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയതിനുമാണ് നടപടി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംസ്ഥാന പൊലീസ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.