Friday, May 3, 2024
indiaNews

ഭീതിയുണര്‍ത്തി ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം പടരുന്നു.

ഭീതിയുണര്‍ത്തി ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം പടരുന്നു. വെസ്റ്റ് ഗോദാവരി ജില്ലയിലെ എല്ലൂര്‍ എന്ന സ്ഥലത്താണു രണ്ടു ദിവസത്തിനിടെ 400 പേര്‍ ഛര്‍ദിയും അപസ്മാരവുമായി ചികില്‍സ തേടിയത്. ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഏഴു പേരെ വിജയവാഡയിലെ ആശുപത്രിയിലേക്കു മാറ്റി. വൈറല്‍ ഇന്‍ഫെക്ഷനെന്നാണു സൂചന.ശനിയാഴ്ച വൈകീട്ടാണു രോഗം പടരാന്‍ തുടങ്ങിയത്. ഛര്‍ദിയോടെ തുടക്കം. പിന്നീട് പെട്ടെന്ന് അപസ്മാരം വന്നു തളര്‍ന്നു വീഴും. ഒന്നില്‍ നിന്ന് തുടങ്ങി ആളുകളുെട എണ്ണം പെരുകിയതോടെ ആശുപത്രികള്‍ നിറഞ്ഞു. എല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം ചികില്‍സയില്‍ കഴിയുന്നത് 270 പേരാണ്. രോഗം ബാധിച്ചു കുഴഞ്ഞു വീണ ഒരാള്‍ മരിച്ചു.

മുഖ്യമന്ത്രി ജഗമോഹന്‍ റെഡി ആശുപത്രികള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ വിജയവാഡയിലെ ആശുപത്രികളിലേക്കു മാറ്റുന്നതു തുടരുകയാണ്. രോഗികളുടെ ശ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കാരണം അറിയില്ലെന്നും വെസ്റ്റ് ഗോദാവരി ജില്ലാ അധികൃതര്‍ അറിയിച്ചു. കുടിവെള്ളത്തില്‍ രാസവസ്തുക്കള്‍ കലര്‍ന്നതാണു കാരണമെന്ന സൂചനകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.