Sunday, May 19, 2024
EntertainmentindiakeralaNews

ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ നന്ദി അറിയിച്ച് നടന്‍ സൂര്യ

ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ നന്ദി അറിയിച്ചു കൊണ്ട് നടന്‍ സൂര്യ പ്രസ്താവനയിറക്കി. സംവിധായിക സുധ കൊങ്കരയുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന്റെ ഫലമാണിതെന്ന് സൂര്യ പറയുന്നു. നെര്‍ക്കു നേര്‍ എന്ന ആദ്യ ചിത്രത്തില്‍ അവസരം തന്ന സംവിധായകന്‍ വസന്ത് സായ്ക്കും ആ ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന മണിരത്‌നത്തിനും സൂര്യ തന്റെ കടപ്പാട് അറിയിച്ചു.
68ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തെന്നിന്ത്യന്‍ സിനിമയ്ക്ക് അഭിമാന നേട്ടമാണ് സൂററൈ പൊട്ര് എന്ന തമിഴ് ചിത്രം നേടിത്തന്നത്. അഞ്ച് ദേശീയ പുരസ്‌കാരങ്ങളാണ് സൂററൈ പൊട്രിന് ലഭിച്ചത്.

ഭാര്യയും നടിയുമായ ജ്യോതികയ്ക്കും സൂര്യ നന്ദി അറിയിച്ചു . സൂററൈ പൊട്രു ചെയ്യാന്‍ നിര്‍ബന്ധിച്ചത് ജ്യോതികയാണെന്ന് സൂര്യ പറയുന്നു. ‘എന്റെ ജ്യോതികയ്ക്ക് പ്രത്യേക നന്ദി. സൂററൈ പൊട്ര് നിര്‍മിക്കാനും അതില്‍ അഭിനയിക്കാനും എന്നെ നിര്‍ബന്ധിച്ചത് ജ്യോതികയാണ്,’ സൂര്യയുടെ പ്രസ്താവനയില്‍ പറയുന്നു.പുരസ്‌കാരം തന്റെ കുട്ടികളായ ദിയക്കും ദേവിനും സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമര്‍പ്പിക്കുന്നതായും സൂര്യ വ്യക്തമാക്കി. എല്ലായ്‌പ്പോഴും തന്നെ പിന്തുണച്ച മാതാപിതാക്കള്‍ക്കും സഹോദരന്‍ കാര്‍ത്തിക്കും നന്ദി അറിയിക്കുന്നതായി സൂര്യ പ്രസ്താവനയില്‍ കുറിച്ചു. തന്റെ ആരാധകരെയും നടന്‍ പ്രത്യേകം പരാമര്‍ശിച്ചു.