Thursday, May 9, 2024
indiaNewspolitics

ഭാരതരത്‌ന പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹറാവുവിനും, ചൗധരി ചരണ്‍ സിംഗിനും, ഹരിത വിപ്ലവത്തിന്റെ പിതാവും മലയാളിയുമായ എം.എസ്. സ്വാമിനാഥനും രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എം.ജി. ആറിന് ശേഷം ഭാരതരത്‌ന നേടുന്ന മലയാളി കൂടിയാണ് എം.എസ്. സ്വാമിനാഥന്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനിക്കും, മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിനും കേന്ദ്ര സര്‍ക്കാര്‍ ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഭാരതര്തന നല്‍കിയത്. ഇതിന് പിന്നാലെയാണ് രണ്ട് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും ശാസ്ത്രരംഗത്തെ പ്രശസ്തി മുന്‍ നിര്‍ത്തി രാജ്യത്തെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥനും ഭാരതരത്‌ന നല്‍കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ചൗധരി ചരണ്‍ സിംഗ്
രാജ്യത്തെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ചരണ്‍ സിംഗ്. സ്വാതന്ത്ര്യ സമരത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ സഖ്യത്തില്‍ അംഗമായ ഭാരതീയ ലോക് ദളിന്റെ തലവനായിരുന്നു. ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു ചരണ്‍ സിംഗിന്റെ ജീവിതം. നിരവധി തവണ ജയില്‍വാസം അനുഭവിച്ചു. ജീവിതത്തിന്റെ ഭൂരിഭാഗവും കോണ്‍ഗ്രസ് അംഗമായിരുന്നെങ്കിലും 1980-ല്‍ അദ്ദേഹം സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായി ലോക്ദള്‍ രൂപീകരിച്ചു.

പി.വി. നരസിംഹറാവു
രാജ്യത്തെ ഒമ്പതാമത്തെ പ്രധാനമന്ത്രി. എഴുത്തുകാരന്‍, ബഹുഭാഷ പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പിവി നരസിംഹറാവു. അധികാര രാഷ്ട്രീയത്തിന്റെ ഉയര്‍ന്ന പടികള്‍ ചവിട്ടിക്കയറിയ റാവു, 1991 മുതല്‍ 1996 വരെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവ് എന്നാണ് നരസിംഹറാവു അറിയപ്പെടുന്നത്. അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌കാരങ്ങളാണ് പിന്നീട് അധികാരത്തിലെത്തിയവര്‍ പിന്തുടര്‍ന്നത്.

എംഎസ് സ്വാമിനാഥന്‍
കേരള മണ്ണില്‍ നിന്നും കുതിച്ചുയര്‍ന്ന പൊന്‍സൂര്യന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്തനായ കൃഷി ശാസ്ത്രജ്ഞനായിരുന്നു എംഎസ് സ്വാമിനാഥന്‍. അക്ഷീണ പരിശ്രമങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ദരിദ്രരെ പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തിന്റെ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്.