Saturday, May 4, 2024
keralaNews

ഭവന പദ്ധതിയില്‍ ബിനോയിക്ക് ഒരു വീട്; കണക്കുകൂട്ടലുകള്‍ പാടെ പിഴച്ചു

കാമാക്ഷി സ്വദേശിനി സിന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയ് സേവ്യറിനെ (45) വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് 3 മണിവരെ നീണ്ടു. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് ബിനോയ് കൊലപാതക കഥ പൊലീസിനോട് വിവരിച്ചത്. സിന്ധുവിനെ കുഴിച്ചുമൂടിയ ഭാഗം ഉള്‍പ്പെടുത്തി ഇയാള്‍ വീട് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ ബിനോയിക്ക് വീട് അനുവദിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് അടുക്കളയില്‍ മൃതദേഹം ഒളിപ്പിക്കാന്‍ തീരുമാനിച്ചത്. വീടുപണി ആരംഭിക്കുമ്പോള്‍ ഈ ഭാഗം തറയ്ക്കുള്ളില്‍ നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം.

ഓഗസ്റ്റ് 11ന് ഇടുക്കി പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്നു വായ്പ തരപ്പെടുത്തിയ ശേഷം ബിനോയ് വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ സിന്ധു മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുന്നതു കണ്ടു. ആരോടാണ് സംസാരിച്ചത് എന്നു ചോദിച്ചെങ്കിലും സിന്ധു വെളിപ്പെടുത്തിയില്ല. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ കലഹം ഉണ്ടായെങ്കിലും ബിനോയ് കരുതിക്കൂട്ടി തന്നെ വിഷയം അവസാനിപ്പിച്ചു. തുടര്‍ന്ന് സിന്ധുവിന്റെ മകനെ തന്റെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ച ശേഷം കൊലപാതകം തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

രാത്രിയോടെ വീണ്ടും കലഹം ഉണ്ടായി. 12 മണിക്കു ശേഷം സിന്ധുവിനെ ബിനോയ് മര്‍ദിച്ചു. തുടര്‍ന്ന് മുറ്റത്തേക്കു തള്ളിയിട്ട് ദേഹത്തു കയറിയിരുന്ന് ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. അനക്കമില്ലാതെ കിടന്നതോടെ വലിച്ചിഴച്ച് മുറ്റത്തിനു സമീപമുള്ള കുഴിയുടെ കരയില്‍ എത്തിച്ച് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ഇതോടെ സിന്ധു ബഹളം ഉണ്ടാക്കി. തുടര്‍ന്ന് വെള്ളം ഒഴിച്ചു തീയണച്ച ശേഷം കുഴിയിലേക്ക് തള്ളിയിട്ട് ഉണക്കിലകള്‍ കൊണ്ടു മൂടി.

എന്നാല്‍ ഈ സ്ഥലം സുരക്ഷിതമല്ലെന്ന് തോന്നിയതോടെ മൃതദേഹം പുറത്തെടുത്തു. പിന്നീട് മൃതദേഹത്തിലെ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം അടുപ്പിന്റെ തറയില്‍ കുഴിയുണ്ടാക്കി ഇതിലേക്ക് ഇറക്കി ചവിട്ടിത്താഴ്ത്തി മണ്ണിട്ടു മൂടി. മുകളില്‍ 2 നിര ഇഷ്ടിക വച്ച് വീണ്ടും അതിനു മുകളില്‍ അടുപ്പുണ്ടാക്കി തീ കത്തിച്ചു ജാതിക്കായും മറ്റും ഉണങ്ങാനിട്ടതായി പൊലീസ് പറഞ്ഞു. കുഴി താഴ്ത്താന്‍ ഉപയോഗിച്ച തൂമ്പ, മണ്‍വെട്ടി, കത്തിക്കാന്‍ ഉപയോഗിച്ച മണ്ണെണ്ണ വിളക്ക്, സിന്ധു ഉപയോഗിച്ചിരുന്ന ആഭരണം എന്നിവ ഇയാളുടെ വീട്ടില്‍ നിന്ന് ഇന്നലെ കണ്ടെടുത്തു. വസ്ത്രങ്ങള്‍ പൊന്മുടി ജലാശയത്തില്‍ ഉപേക്ഷിച്ചതായി പ്രതി മൊഴി നല്‍കി. ഇവ കണ്ടെത്താനായില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.