Wednesday, May 15, 2024
keralaLocal NewsNews

മൂക്കന്‍പ്പെട്ടിയില്‍ പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം കളക്ടര്‍ക്ക് നിവേദനം നല്‍കി

എരുമേലി: ശബരിമല തീര്‍ഥാടകരുടെ പ്രധാന സമാന്തരപാതയിലെ മൂക്കന്‍പ്പെട്ടിയില്‍ പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം കളക്ടര്‍ക്ക് നിവേദനം നല്‍കി. എരുമേലി ഗ്രാമ പഞ്ചായത്ത് പമ്പാവാലി 11 വാര്‍ഡംഗം മറിയാമ്മ സണ്ണിയാണ് കോട്ടയം ജില്ല കളക്ടര്‍ ഡോ.പി കെ ജയശ്രീക്ക് നിവേദനം നല്‍കിയത്. പാലം നിര്‍മ്മിക്കുന്നതോടൊപ്പം മേഖലയിലെതാമസക്കാര്‍ക്ക് പട്ടയം നല്‍കാനും നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പമ്പ – തുലാപ്പള്ളി – കോരുത്തോട് – മുണ്ടക്കയം സമാന്തരപാതയായ എയ്ഞ്ചല്‍വാലി – മൂക്കന്‍പെട്ടി റോഡില്‍ മൂക്കന്‍പ്പെട്ടിയില്‍ അഴുത നദിക്ക് കുറുക നിര്‍മ്മിച്ചിട്ടുള്ള കോസ്‌വെ പകരമായി പുതിയ പാലം നിര്‍മ്മിക്കണമെന്നാണ് ആവശ്യപ്പെടുന്നത് . മഴക്കാലത്ത് അഴുത നദി കരകവിഞ്ഞൊഴുകി ഇതുവഴിയുള്ള സഞ്ചാരം തന്നെ തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്. 2018ലെ വെള്ളപ്പൊക്കത്തില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടു വീടുകളാണ് ഒഴുകിപ്പോയത്. ജനങ്ങളുടെ ദുരിതാവസ്ഥ മനസിലാക്കാന്‍ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടകര്‍ക്കും നൂറുകണക്കിന് നാട്ടുകാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമാന്തര പാതയിലെ കോസ് വെക്ക് പകരം മലയോര മേഖലയിലെ സ്വപ്നമായ മൂക്കന്‍പ്പെട്ടിയില്‍ പാലം നിര്‍മ്മിച്ച് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.