Saturday, May 18, 2024
keralaNewsObituary

കെപിഎസി ലളിത തിരശ്ശീലയെ വിസ്മയിപ്പിച്ച മഹാനടി അന്ത്യാഞ്ജലി അര്‍പ്പിച്ച പ്രമുഖര്‍

കൊച്ചി . മലയാള സിനിമയുടെ തിരശ്ശീലയെ വിസ്മയിപ്പിച്ച മഹാനടി അന്തരിച്ച കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 11വരെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനം. തുടര്‍ന്നു തൃശൂരിലേക്കു കൊണ്ടു പോകും.

2മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷം വടക്കാഞ്ചേരിയിലേക്ക്. തുടര്‍ന്ന് സംസ്‌കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ ഓര്‍മ’ വീട്ടുവളപ്പില്‍. അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന കെപിഎസി ലളിത ഇന്നലെ രാത്രി 10.20നാണ് അന്തരിച്ചത്.

തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈന്‍ അപ്പാര്‍ട്‌മെന്റ്‌സില്‍, മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റിലായിരുന്നു അന്ത്യം.

ഏറെ നാളായി കരള്‍ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.