Tuesday, April 30, 2024
keralaNews

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ സ്വന്തം നിലയില്‍ നിയമ പോരാട്ടത്തിനൊരുങ്ങി കന്യാസ്ത്രീ

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ സ്വന്തം നിലയില്‍ നിയമ പോരാട്ടത്തിനൊരുങ്ങി കന്യാസ്ത്രീ. ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും. സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആയിരിക്കും കന്യാസ്ത്രീക്ക് ആവശ്യമായ നിയമ സഹായം നല്‍കുക. കന്യാസ്ത്രീ മഠത്തില്‍ തുടര്‍ന്ന് തന്നെയാകും നിയമ പോരാട്ടമെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ഫോറം അറിയിച്ചു.വിധിയില്‍ നിരവധി പോരാമയ്മകളുണ്ട്. കന്യാസ്ത്രീ താമസിയാതെ മാധ്യമങ്ങളെ കാണും. ഇരക്ക് ആവശ്യമായ സഹായങ്ങളെല്ലാം എസ് ഓ എസ് നല്‍കും. ഫ്രാങ്കോ മുളക്കലുമായി സൗഹൃദം ഉണ്ടായിരുന്നെങ്കില്‍ ബിഷപ് മഠത്തില്‍ വരുന്നത് വിലക്കുമായിരുന്നില്ല. ഇരയുടെ മൊഴിയില്‍ കുത്തും കോമയും കുറഞ്ഞത് നോക്കി ആയിരുന്നില്ല സുപ്രധാനമായ ഈ കോസില്‍ കോടതി വിധി പറയേണ്ടിയിരുന്നത്”. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാരും ഉടന്‍ അപ്പീല്‍ നല്‍കണമെന്നും സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ഫാ അഗസ്റ്റിന്‍ വട്ടോളി ആവശ്യപ്പെട്ടു. ഉന്നത കോടതികളില്‍ നിന്നും ഇരക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളി കൂട്ടിച്ചേര്‍ത്തു.അതിനിടെ, ബിഷപ്പ് ഫ്രാങ്കോ കേസില്‍ അതിവേഗം അപ്പീല്‍ നല്‍കാനുള്ള സാധ്യത പൊലീസും തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂറ്ററോട് നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം അപ്പീല്‍ നല്‍കാന്‍ ഡിജിപി മുഖേന സര്‍ക്കാരിന് കത്ത് നല്‍കും. അടുത്ത ആഴ്ച തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ നീക്കം.