Friday, May 3, 2024
indiakeralaNewspolitics

ബംഗളൂരു പരപ്പന സെന്‍ട്രല്‍ ജയിലില്‍ സിസിബി സംഘത്തിന്റെ റെയിഡ്; കഞ്ചാവും മാരക ആയുധങ്ങളും പിടിച്ചെടുത്തു

ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവും മാരക ആയുധങ്ങളും പിടിച്ചെടുത്തു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി കഴിയുന്ന സെല്ലില്‍ ഉള്‍പ്പെടെ പോലീസ് റെയിഡ് നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി മാരകായുധങ്ങള്‍, ലഹരി വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ റെയ്ഡില്‍ കണ്ടെടുത്തു. സിസിബി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ജയിലില്‍ നിന്നും വാളുകള്‍, കത്തികള്‍, മൂര്‍ച്ചയുള്ള കത്രികകള്‍ എന്നിങ്ങനെ 40ലധികം മാരകായുധങ്ങളാണ് സിസിബി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.                                                          ഇത് കൂടാതെ കഞ്ചാവ്, പുകവലിക്കുന്ന പൈപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ജയിലിലെ തടവുകാരില്‍ നിന്നുമാണ് ഏതാനും ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 24 മണിക്കൂര്‍ സുരക്ഷാ സംവിധാനമുള്ള ജയിലില്‍ ഇത്തരം വസ്തുക്കള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.2200 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കര്‍ണാടകത്തിലെ ഏക ജയിലാണ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍. നിലവില്‍ ജയിലില്‍ 2700 ഓളം തടവുകാരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. കൊവിഡിനു മുന്‍പ് വരെ ഇവിടെ 4000ത്തിലധികം തടവുകാരുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ പലര്‍ക്കും പരോള്‍ അനുവദിക്കുകയായിരുന്നു.

ജയിലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടകളുടെ വീട്ടിലും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് സംഘം പരിശോധന നടത്തി. ബെംഗളൂരു നഗരത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ തുടര്‍ച്ചയായി നാല് കൊലപാതകങ്ങള്‍ നടന്നതോടെയാണ് നഗരത്തിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ വീട്ടില്‍ പരിശോധന നടത്താന്‍ സിറ്റി പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെല്ലാം ജയില്‍ ബന്ധമുള്ളതായി സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം സെന്‍്ട്രല്‍ ജയിലിലേക്ക് നീളുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയും ഇതേ ജയിലിലാണ് കഴിഞ്ഞ എട്ട് മാസത്തോളമായി കഴിയുന്നത്. തടവുകാര്‍ക്ക് നിരോധിത വസ്തുക്കള്‍ കൈമാറിയതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഇക്കാരണത്താല്‍ തന്നെ സെന്‍്ട്രല്‍ ജയിലിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യുമെന്ന് പാട്ടീല്‍ വ്യക്തമാക്കി.                                                       തടവുകാരെ ജയിലനകത്ത് വെച്ച് തന്നെ ചോദ്യം ചെയ്യുമെന്നും, ആയുധ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായവരുടെ കൈവശമാണ് ആയുധങ്ങളുണ്ടായിരുന്നത്. ഇവര്‍ സ്വയം രക്ഷയ്ക്കായാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്ന് സിസിബിയോട് സമ്മതിച്ചു. പിടിച്ചെടുത്ത വസ്തുക്കള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളിലേക്ക് (എഫ്എസ്എല്‍) കൂടുതല്‍ വിശകലനത്തിനായി അയച്ചിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും സന്ദീപ് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.