Monday, May 13, 2024
EntertainmentkeralaNews

‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം

ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം. ഇത്തവണ വേഗാസ് രാജ്യാന്തര മേളയിലാണ് ചിത്രത്തിന് അംഗീകാരം ലഭിച്ചത്. മികച്ച നരേറ്റീവ് ഫീചര്‍ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. നടന്‍ ഫഹദ് ഫാസിലാണ് ഫേസ്ബുകിലൂടെ ഇക്കാര്യം പങ്കുവച്ചത്. നേരത്തെ 2021 സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഫീചര്‍ ഫിലിമിനുള്ള അവാര്‍ഡാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. നടന്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച ഹിറ്റ് ചിത്രമാണ് ‘ജോജി’.ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബതി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥയും ശ്യാം പുഷ്‌കരന്റേത് ആയിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പലരും എഴുത്തുകാരന്‍ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിരുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടു.