Wednesday, May 22, 2024
EntertainmentNewsObituary

പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് അന്തരിച്ചു

മുംബൈ: പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് (58) അന്തരിച്ചു.

മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലെ സ്വന്തം സ്റ്റുഡിയോയില്‍ മരിച്ച നിലയിലാണു നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ കണ്ടെത്തിയത്. നിരവധി ഹിന്ദി, മറാഠി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തമാസ് (1987) എന്ന ടെലിവിഷന്‍ ചിത്രത്തിന്റെ അസിസ്റ്റന്‍ഡ് കലാസംവിധായകനായാണു തന്റെ കരിയര്‍ നിതിന്‍ ചന്ദ്രകാന്ത് തുടങ്ങുന്നത്.
ഹം ദില്‍ ദേ ചുകേ സനം (1999) എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി.

ലഗാന്‍, ദേവദാസ്, സ്വദേശ്, ജോധാ അക്ബര്‍, പ്രേം രതന്‍ ധാന്‍ പയോ എന്നിവയാണു ശ്രദ്ധനേടിയ ബോളിവുഡ് ചിത്രങ്ങള്‍.

മികച്ച കലാസംവിധാനത്തിനു നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും മൂന്നു ഫിലിംഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2016ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1965 ജനുവരി 25നു മഹാരാഷ്ട്രയിലെ ദാപോലിലാണു ജനനം.