Friday, May 10, 2024
keralaNewspolitics

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: 51 ബസുകള്‍ തകര്‍ത്തു നഷ്ടം 30 ലക്ഷം രൂപ

തിരുവനന്തപുരം ; പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് 51 ബസുകള്‍ക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആര്‍ടിസി. സമരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം നിരവധി ബസുകളാണ് പ്രതിഷേധക്കാര്‍ ആക്രമിച്ച് തകര്‍ത്തത്. ബസിന് നേരെ കല്ലേറ് നടത്തിയും ചില്ല് എറിഞ്ഞ് പൊട്ടിച്ചുമായിരുന്നു അക്രമം. ഇതില്‍ കെഎസ്ആര്‍ടിസിക്ക് 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.  പലയിടത്തും രാവിലെ തന്നെ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് സുരക്ഷയിലാണ് ഇവ സര്‍വ്വീസ് നടത്തിയത്. എന്നാല്‍ പല ബസുകളും വഴിയില്‍ തടഞ്ഞ് കല്ലെറിയുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ച് വാഹനം ഓടിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബസുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് കരുത്ത് കാട്ടാന്‍ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്ന അപേക്ഷയുമായി കെഎസ്ആര്‍ടിസിയും രംഗത്തെത്തി. എന്നാല്‍ ഇതിനൊന്നും വഴങ്ങാന്‍ സമരക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. പോലീസ് സുരക്ഷയോടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യം ഒരുക്കുമെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസുകളിലുണ്ടായ കേടുപാടുകളുടെ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.