Friday, May 3, 2024
keralaNewspolitics

പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തുന്നത് ഭീകര പ്രവര്‍ത്തനം എം.വി.ജയരാജന്‍

കണ്ണൂര്‍: ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജന്‍. പോപ്പുലര്‍ ഫ്രണ്ട് പോപ്പുലറാകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അക്രമം അവരുടെ കുല തൊഴിലാണെന്നും കൊലപാതക രാഷ്ട്രീയം പോപ്പുലര്‍ ഫ്രണ്ടുകാരുടെ പ്രവര്‍ത്തന പരിപാടിയാണെന്നും എം.വി. ജയരാജന്‍ പറഞ്ഞു.  തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതുകൊണ്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡ് നടത്തിയതും നേതാക്കളെ അറസ്റ്റ് ചെയ്തതും. ഇതേ രീതിയില്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പോകുകയാണെങ്കില്‍ ന്യൂനപക്ഷവും മുസ്ലീം സമുദായവും അവരെ ഒറ്റപ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുകാരെ സംരക്ഷിക്കുന്നത് മുസ്ലീം ലീഗ് ആണെന്നും അദ്ദേഹം ആരോപിച്ചു. എന്തിന്റെ പേരിലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഹര്‍ത്താല്‍ നടത്തുന്നത്. നിയമ ലംഘനവും അക്രമവും നടത്തുന്നതിനാലാണ് അവരെ അറസ്റ്റു ചെയ്തത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അറസ്റ്റും റെയ്ഡും നടത്തിയതെന്നും ജയരാജന്‍ വ്യക്തമാക്കി. ഭീകരവാദ പ്രവര്‍ത്തനമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തുന്നതെന്നും ഹര്‍ത്താല്‍ ജനവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.