Sunday, May 12, 2024
indiaNewspolitics

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം 

ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം,ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യഫൗണ്ടേഷന്‍, എം പവര്‍ ഇന്ത്യ, ജൂനിയര്‍ ഫ്രണ്ട് , ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് , എന്‍.സി.എച്ച്.ആര്‍.ഒ തുടങ്ങിയ സംഘടനകള്‍ക്കാണ് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടന രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പിഎഫ്ഐക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം വന്നിരിക്കുന്നത്.         നേരത്തെ തന്നെ ഇത് സംബന്ധിച്ചുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു. ഭീകരപ്രവര്‍ത്തന ബന്ധം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇതിന്റെ ഭാഗമായി എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെ അടക്കം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രാജ്യ വ്യാപകമായി രണ്ട് തവണ പിഎഫ്ഐക്കെതിരെ റെയ്ഡ് ഉള്‍പ്പെടെ ഉള്ള നടപടികള്‍ ഉണ്ടാവുകയും ചെയ്തു. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. ആദ്യത്തേത് രാജ്യത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നു എന്നതാണ്. രണ്ടാമത്തേത് ഭീകരപ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തി എന്നതാണ്. ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. മൂന്നാമത്തേത് ആളുകളെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് റിക്രൂട്ട് ചെയ്തു, പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു എന്നതുമാണ്. ഈ മൂന്ന് ഗുരുതര കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് രാജ്യവ്യാപകമായി സംഘടനയുടെ ദേശീയ നേതാക്കളെ അടക്കം അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ തുടര്‍ന്ന് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൊലീസ് സീല്‍ ചെയ്യും. സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും നടപടി ഉണ്ടാകും