Thursday, May 2, 2024
indiaNewsworld

റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

കൊളംബോ :ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും. മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമാണ് വിക്രമസിംഗെ. ഇന്നു വൈകിട്ട് 6.30നാണ് സത്യപ്രതിജ്ഞ. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് തീരുമാനം.പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ എടുത്തു കളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സര്‍ക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാര്‍ലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശ്രീലങ്കയില്‍ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വവും രൂപപ്പെട്ട സാഹചര്യത്തിലാണ് ഗോട്ടബയയുടെ പുതിയ അനുനയ നീക്കം. റനിലുമായി പ്രസിഡന്റ് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.അതിനിടെ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പടുത്തി. മഹിന്ദയുള്‍പ്പെടെ 13 പേര്‍ക്കാണ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. കൊളംബോ ഫോര്‍ട്ട് കോടതിയുടേതാണ് ഉത്തരവ്. ഗോള്‍ഫേസിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.