Monday, April 29, 2024
BusinessindiakeralaNewsworld

പേരുമാറ്റി പിടിച്ചുനില്‍ക്കാന്‍ ഫെയ്‌സ്ബുക്

പ്രമുഖ സമൂഹമാധ്യമമായ ഫെയ്‌സ്ബുക് പേരുമാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 28ന് നടക്കുന്ന വാര്‍ഷിക കണക്ട് യോഗത്തില്‍ കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നാണ് യുഎസ് ടെക്‌നോളജി ഓണ്‍ലൈന്‍ മാധ്യമമായ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമ്പനിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് യുഎസ് സര്‍ക്കാര്‍ സൂക്ഷ്മ പരിശോധന ആരംഭിച്ചതോടെയാണ് പുതിയ നീക്കം.

ഭരണപക്ഷവും പ്രതിപക്ഷവും കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യമാണുള്ളത്. സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി സിലിക്കണ്‍വാലിയിലെ കമ്പനികള്‍ പേര് മാറ്റുന്നത് സാധാരണമാണ്. പേര് മാറ്റുന്നതോടെ ഫെയ്‌സ്ബുക് ആപ്പും, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, ഒക്യുലസ് എന്നിവയെപ്പോലെ മാതൃകമ്പനിക്ക് കീഴില്‍ വരും. ഫെയ്‌സ്ബുക് പ്ലാറ്റ്‌ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേരുമാറ്റം ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക് അധികൃതര്‍ തയാറായില്ല.