Wednesday, May 8, 2024
keralaNews

പെരുന്നാളിന് ഇളവ് അനുവദിക്കാത്തതില്‍ പ്രതിഷേധം കടുപ്പിച്ച് വ്യാപാരികള്‍

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനെതിരെ തുറന്ന് പോരിന് വ്യാപാരികള്‍. പെരുന്നാളിനോട് അനുബന്ധിച്ച് എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തില്‍ സ്വയമേ കടകള്‍ തുറക്കാനാണ് ഇപ്പോള്‍ വ്യാപാരികളൊരുങ്ങുന്നത്. നിലവിലെ ഇളവുകള്‍ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളുടെ പേരില്‍ കോഴിക്കോട് മിഠായി തെരുവില്‍ പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ തുടക്കം മുതല്‍ വലിയ പ്രതിസന്ധിയാണ് വ്യാപരികള്‍. ബാറടക്കം എല്ലാം തുറന്നിട്ടും ഗതാഗതം അനുവദിച്ചിട്ടും കടകള്‍ മാത്രം അടച്ചിടുന്ന സ്ഥിതി ദയനീയമാണെന്ന് വ്യാപാരികള്‍ പറയുന്നു. തങ്ങള്‍ കടക്കെണിയിലാണെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.

ഈ സാഹചര്യത്തില്‍ എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാന്‍ തന്നെയാണ് വ്യാപാരികളുടെ തീരുമാനം. കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാര സംഘടനകള്‍ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം എന്തായാലും വ്യാഴാഴ്ച മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ കട തുറക്കല്‍ സമരം ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഏറ്റെടുക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളിലെ കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസം ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കും.അതേസമയം ടിപിആര്‍ 15 ശതമാനത്തിനു മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമല്ല.വാരാന്ത്യ ലോക്ക്ഡൗണുകള്‍ തുടരാനും യോഗത്തില്‍ തിരുമാനമായി.