Tuesday, May 14, 2024
keralaNews

ടിപിആര്‍ മാനദണ്ഡം മാറ്റിയത് സിപിഎം സമ്മേളനത്തിന് വേണ്ടി; പ്രതിപക്ഷ നേതാവ്

കൊച്ചി :ടിപിആര്‍ മാനദണ്ഡം മാറ്റിയത് സിപിഎം സമ്മേളനത്തിന് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടിപിആര്‍ അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ വന്നാല്‍ ജില്ലാ സമ്മേളനം നടത്താനാകില്ല. തിരുവനന്തപുരം സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ എന്തുകൊണ്ട് ക്വാറന്റീനില്‍ പോകുന്നില്ല? സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി, എംഎല്‍എ, നൂറുകണക്കിന് നേതാക്കള്‍ എല്ലാവരും കോവിഡ് ബാധിച്ചവരാണ്.വാളയാറില്‍ കുടുങ്ങിയ മലയാളികളെ കണ്ട എംപിമാരെ പണ്ട് നിരീക്ഷണത്തില്‍ വിട്ടതാണ്. ഇപ്പോള്‍ സിപിഎമ്മുകാര്‍ക്ക് നിരീക്ഷണമില്ല, അവര്‍ രോഗം പരത്തി നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.കാസര്‍കോടിനെയും തൃശൂരിനെയും നിയന്ത്രണങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയത് സിപിഎം സമ്മേളനം നടത്താന്‍ വേണ്ടിയാണ്. കാസര്‍കോട്ട് 36 ഉം തൃശൂരില്‍ 34 ഉം ആണ് ടിപിആര്‍. കര്‍ശനനിയന്ത്രണം വേണ്ട ജില്ലകളാണ്. സമ്മേളനം നടത്തി കോവിഡ് രോഗികളെ കൂട്ടാനാണ് സിപിഎമ്മിന്റെ ശ്രമം. സിപിഎമ്മിന് ഒരു മാനദണ്ഡം മറ്റുള്ളവര്‍ക്ക് മറ്റൊരു മാനദണ്ഡം എന്നതാണ്. കാസര്‍കോട് ജില്ലയില്‍ ആശുപത്രികള്‍ കുറവാണ്. അതുകൊണ്ട് കണക്കെടുപ്പ് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.വീട്ടില്‍ ചികില്‍സയെന്ന് പറഞ്ഞ് ആശുപത്രിയിലെ രോഗികളുടെ കണക്ക് വച്ച് മാനദണ്ഡമുണ്ടാക്കി. മൂന്നാം തരംഗം നേരിടാന്‍ തയാറെടുപ്പുകള്‍ ഇല്ല. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി മറ്റു ചിലര്‍ വകുപ്പ് നിയന്ത്രിക്കുകയാണ്. ആരോഗ്യ മന്ത്രി പറയുന്നത് സ്വന്തം പാര്‍ട്ടി പോലും കേള്‍ക്കുന്നില്ലെന്നും വി.ഡി.സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.