Monday, April 29, 2024
keralaNews

പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്. ഈ വര്‍ഷം ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതോടെയാണ് രാജ്യത്തും വിലയില്‍ കുറവുണ്ടായത്. വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ക്രൂഡോയില്‍ വിലയില്‍ ഇടിവുണ്ടായത്.ഏറ്റവും അവസാനമായി ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത് ഫെബ്രുവരി 27നാണ്. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസസലിന് 15 പൈസയുമാണ് അന്ന് വര്‍ധിച്ചത്. ഈ വര്‍ഷം ആദ്യ രണ്ടുമാസം മാത്രം പെട്രോളിന് ലിറ്ററിന് 4.87 രൂപയും ഡീസലിന് 4.99 രൂപയുമാണ് വര്‍ധിച്ചത്. ഇന്ധനവില ദിവസവും രാവിലെ ആറു മണിക്കാണ് പുതുക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റിലെ നിരക്ക് പ്രകാരം ബുധനാഴ്ച ഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 90.99 രൂപയാണ്. ഡീസലിന് 81.30 രൂപയും. മുംബൈയില്‍ പെട്രോളിന് 97.40 രൂപയും ഡീസലിന് 88.42 രൂപയുമാണ്.ഓരോ സംസ്ഥാനത്തും ഇന്ധനവില വ്യത്യസ്തമാണ്. കാരണം ചരക്ക് കൂലിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളാണ്.