Friday, May 10, 2024
keralaNews

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂട്ടര്‍മാര്‍ ഒഴിയുന്നത് വിവാദത്തിലേക്ക്

കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ രണ്ടാമതു നിയോഗിച്ച പ്രോസിക്യൂട്ടറും രാജിക്കത്തു നല്‍കുമ്പോള്‍ കേസിന്റെ ഭാവി എന്താകുമെന്ന ആശങ്കയില്‍ നിയമ വൃത്തങ്ങളും പൊതു ജനവും. നിസാര കാരണങ്ങള്‍ ആരോപിച്ചു പ്രോസിക്യൂഷന്‍ രാജി വയ്ക്കുന്നതു കേസിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാകാം എന്നു നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എസ്. സുരേശന്‍ കഴിഞ്ഞ നവംബറില്‍ കേസില്‍ നിന്നു പിന്‍മാറിയത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസുമായുള്ള തര്‍ക്കങ്ങളുടെ ബാക്കിയായിട്ടായിരുന്നു രാജി. തുടര്‍ന്നു സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടറാണ് വി.എന്‍. അനില്‍കുമാര്‍. അദ്ദേഹവും കഴിഞ്ഞ ദിവസം കോടതി മുറിയിലെ വാക്തര്‍ക്കങ്ങള്‍ക്കൊടുവില്‍ രാജിക്കത്തു സമര്‍പ്പിക്കുകയായിരുന്നു. ഫെബ്രുവരി 16നകം വിചാരണ പൂര്‍ത്തിയാക്കണം എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജിവച്ചൊഴിയുന്നതു സര്‍ക്കാരിനും തലവേദനയാകും. കേസിന്റെ തുടര്‍ നടപടികള്‍ക്കായി അടിയന്തര സംവിധാനം ഒരുക്കി നല്‍കണമെന്ന് ജഡ്ജി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.