Friday, May 17, 2024
EntertainmentindiaNews

പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്ന’ പുരസ്‌കാരം

ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്ന’ പുരസ്‌കാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പരമോന്നത ബഹുമതിയാണിത്. പുരസ്‌കാരം നേടുന്ന പത്താമത്തെ വ്യക്തിയാണ് പുനീത് രാജ്കുമാര്‍. കഴിഞ്ഞ ഒക്ടോബര്‍ 26ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് പുനീത് രാജ്കുമാര്‍ മരിക്കുന്നത്. 46 വയസ്സ് മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.പുനീതിന്റെ അനുസ്മരണാര്‍ത്ഥം കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ‘പുനീത നമന’ എന്ന ചടങ്ങില്‍ വച്ചാണ് പുരസ്‌കാരം നല്‍കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുനീതിന് ദേശീയ പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹമുണ്ടെന്നും, സര്‍ക്കാര്‍ ഇതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു. പുനീതിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കണമെന്ന് ആരാധകര്‍ ആവശ്യം ഉയര്‍ത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ്.യെദ്യൂരപ്പ, സിദ്ധരാമയ്യ, കാബിനറ്റ് മന്ത്രിമാര്‍, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പുനീതിന് കര്‍ണാടക രത്ന നല്‍കിയ തീരുമാനത്തെ എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിച്ചാണ് സദസ്സിലുള്ളവര്‍ സ്വീകരിച്ചത്.പുനീതിന്റെ പിതാവും കന്നഡ സൂപ്പര്‍താരവുമായിരുന്ന ഡോ.രാജ്കുമാറിനാണ് കര്‍ണാടക രത്ന പുരസ്‌കാരം ആദ്യമായി ലഭിച്ചത്. 1992ലായിരുന്നു ഇത്. എഴുത്തുകാരനായ കൂവെമ്പിനൊപ്പമാണ് രാജ്കുമാര്‍ അന്ന് പുരസ്‌കാരം പങ്കിട്ടത്. 2009ല്‍ ഡോ.വീരേന്ദ്ര ഹെഗ്ഡേയ്ക്കാണ് ഈ പുരസ്‌കാരം അവസാനമായി ലഭിച്ചിട്ടുള്ളത്. സാമൂഹ്യ സേവനത്തിനായിരുന്നു പുരസ്‌കാരം. എസ്.നിജലിംഗപ്പ (രാഷ്ട്രീയം), സിഎന്‍ആര്‍ റാവു (സയന്‍സ്), ഡോ.ദേവി പ്രസാദ് ഷെട്ടി (ആരോഗ്യം), ഭീംസെന്‍ ജോഷി (സംഗീതം), ശിവകുമാര സ്വാമിജി (സാമൂഹിക സേവനം), ഡോ.ജെ.ജവരെഗൗഡ (വിദ്യാഭ്യാസം) എന്നിവരാണ് പുരസ്‌കാരം സ്വന്തമാക്കിയ മറ്റ് പ്രമുഖര്‍.