Saturday, May 4, 2024
keralaNews

പുനസംഘടനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണം നടക്കുന്നു.

ഡിസിസി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെപിസിസി പുനഃ സംഘടനയില്‍ ഈ ആഴ്ച വിശദമായ ചര്‍ച്ച നടത്തും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ചര്‍ച്ച നടത്തും. യുഡിഎഫ് യോഗത്തിലും ഇരുവരും പങ്കെടുത്തേക്കുമെന്നാണ് വിവരം. നേരത്തെ ഡിസിസി അധ്യക്ഷപ്പട്ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനനേതൃത്വത്തിനെതിരെ ഇരുനേതാക്കളും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.പുനസംഘടനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണം നടക്കുകയാണ്. ആറ് ജില്ലകളില്‍ അധ്യക്ഷന്‍മാരാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ പാലക്കാട് എ. തങ്കപ്പന്‍, പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ ചുമതലയേറ്റു.പ്രവര്‍ത്തകരെ വിശ്വാസമുള്ളതിനാല്‍ ആരെയും പേടിയില്ലെന്നും അനുരഞ്ജനത്തിലൂടെ എല്ലാവരേയും ഒപ്പം കൊണ്ടുവരുമെന്നും എ. തങ്കപ്പന്‍ പറഞ്ഞു. പാര്‍ട്ടിയെ ചിട്ടയോടെ നയിക്കാന്‍ പുതിയ ഡിസിസി പ്രസിഡന്റിന് സാധിക്കുമെന്നും എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പത്തനം തിട്ടയില്‍ സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷ സ്ഥാനാരോഹണ ചടങ്ങില്‍ സംസാരിക്കവേ പിജെ കുര്യനും പറഞ്ഞു.