Saturday, May 4, 2024
keralaNewsObituarypolitics

പുതുപ്പള്ളിയിലെ തറവാട് വീട്ടില്‍ ചടങ്ങുകള്‍ ആരംഭിച്ചു

കോട്ടയം : തിങ്ങിനിറഞ്ഞ ജനങ്ങളുടെ അകമ്പടിയോടെ, തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അവസാനമായെത്തി. കുഞ്ഞൂഞ്ഞിനെ ജനസാഗരം സ്വീകരിച്ചു.പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തിയത്. കരോട്ട് വള്ളക്കാലില്‍ വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ പൊതുദര്‍ശനവും ഉണ്ടാകും.പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്. നിലവിലെ തീരുമാനമനുസരിച്ച് രാത്രി ഏഴരയ്ക്ക് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ശുശ്രൂഷകളില്‍ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പുതുപ്പള്ളിയിലെത്തും. പിറന്ന മണ്ണിലേക്ക് അന്ത്യനിദ്രയ്ക്കായി എത്തിയ ജനകീയ നേതാവിന് ഏറ്റവും വൈകാരികമായ യാത്രയയപ്പാണ് ജനമഹാസാഗരം നല്‍കുന്നത്. കോട്ടയം തിരുനക്കരയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ദൂരത്തെ പുതുപ്പള്ളിയിലേക്കുള്ള അവസാന യാത്രയിലുടനീളംആയിരക്കണക്കിന് സാധാരണക്കാരാണ് ഉമ്മന്‍ചാണ്ടിക്ക് അകമ്പടിയായത്. ജീവിതത്തില്‍ ഏതൊക്കെയോ നിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ കരുതലും കര്‍മമണ്ഡലത്തില്‍ നിന്ന് ജന്മദേശത്തേക്കുള്ള വിലാപയാത്ര ജനസമ്പര്‍ക്കം കൊണ്ട് മറ്റൊരു ചരിത്രമായി മാറി. ഒരു കയ്യൊപ്പ് കൊണ്ട് ജീവിതം തിരിച്ചുകിട്ടിയ ആയിരങ്ങള്‍, ഒന്നിച്ചുവന്ന് ഉമ്മന്‍ചാണ്ടിയെ സ്‌നേഹം കൊണ്ട് കുരുക്കികളഞ്ഞു. ഇനി കുഞ്ഞൂഞ്ഞിന് അന്ത്യവിശ്രമം.