Wednesday, May 22, 2024
EntertainmentkeralaNews

പുതിയ ചരിത്രം സൃഷ്ടിക്കാന്‍ വിജീഷ് മണി

സംസാരശേഷിയില്ലാത്ത, കാഴ്ച ശക്തിയില്ലാത്തവര്‍ എന്നിങ്ങനെ പല സിനിമകളിലും പല കഥാപാത്രങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും സിനിമയിലെ മുഴുവന്‍ കഥാ പാത്രങ്ങളും സംസാരശേഷി ഇല്ലാത്തവര്‍ ആണെങ്കിലോ. ഗുരുവായൂര്‍ സ്വദേശി വിജീഷ് മണിയുടെ ഏറ്റവും പുതിയ സിനിമയാണ് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. സംസാരശേഷിയില്ലാത്തവര്‍ക്കായി ഒരു സിനിമ.

ആംഗ്യഭാഷയില്‍ ഒരുക്കുന്ന ഈ സിനിമയില്‍ 25ഓളം കഥാപാത്രങ്ങളുണ്ട്. ബധിര മൂക വിഭാഗത്തില്‍പെട്ട കലാകാരന്മാര്‍ക്കാണ് ഇതില്‍ അവസരം നല്‍കുക. ഇവര്‍ക്കായുള്ള ഒഡിഷന്‍ ചെന്നൈയില്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ അഭിനേതാക്കള്‍ ഒഴികെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്മാരെല്ലാം സംസാരിക്കുന്നവരാണ്. ഡബ്ബ് ചെയ്യാതെ ലോകത്തിന്റെ ഏത് ഭാഗത്തും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആകുമെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വിജീഷ് മണി അറിയിച്ചു.

പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് പ്രദര്‍ശനത്തിന് എത്തുക. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ ആദ്യ ചിത്രീകരണം കോയമ്ബത്തൂരിലാണ്. മാര്‍ച്ചിലാണ് ചിത്രീകരണം ആരംഭിക്കുക. ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച വിശ്വഗുരു, പുഴയില്‍ മാത്രം ചിത്രീകരിച്ച പുഴയമ്മ, ഇരുള ഭാഷയില്‍ ചിത്രീകരിച്ച നേതാജി, സംസ്‌കൃത ഭാഷയിലൊതുങ്ങിയ നമോ, കുറുമ്ബ ഭാഷയില്‍ ചിത്രീകരിച്ച മ്… മ്…. മ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് വിജീഷ് മണി പുതിയ പരീക്ഷണവുമായി എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രശസ്ത വ്യക്തികളില്‍ പലരും നിര്‍മാണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിജീഷ് മണി പറഞ്ഞു.