Monday, May 6, 2024
keralaNews

പട്ടയ ഭൂമിയിലെ മരംമുറിക്ക് പൂട്ട്; അനുമതി നല്‍കിയ ഉത്തരവ് റദ്ദ്‌ചെയ്തു

പട്ടയ ഭൂമിയിലെ മരംമുറിക്ക് പൂട്ട് വീണു. മരംമുറിക്ക് അനുമതി നല്‍കിയ 2020 ഒക്ടോബര്‍ 10ലെ ഉത്തരവ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജിയതിലക് റദ്ദ്‌ചെയ്തു. ഇടുക്കി, വയനാട് ജില്ലകളില്‍ നേരത്തെ നല്‍കിയ ഉത്തരവിന്റെ പിന്‍ബലത്തില്‍ വ്യപകമായി മരംമുറി തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് റദ്ദ് ചെയ്തത്. പട്ടയ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി കര്‍ഷകന്‍ നട്ടുവളര്‍ത്തിയതും സ്വമേധയാ കിളിര്‍ത്തു വന്നതമായി പതിച്ചു നല്‍കുന്ന സമയത്ത് വൃക്ഷവില അടച്ചു റിസര്‍വ് ചെയ്തതുമായി ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും അവര്‍ക്ക് മുറിക്കാമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.

വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളില്‍ ഈ ഉത്തരവിന്റെ പിന്‍ബലത്തില്‍ 300^400 വര്‍ഷം പഴക്കമുള്ള ഈട്ടി മരങ്ങള്‍ വരെ വ്യാപകമായി മുറിച്ച് നീക്കിയതോടെയാണ് ഉത്തരവ് റദ്ദ്‌ചെയ്യാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്. മുട്ടില്‍ സൗത്ത് വില്ലേജിലെ വാഴവറ്റ, ആവലാട്ടു കുന്ന്, കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശത്തുള്ള 25ല്‍ പരം ആളുകളുടെ ഭൂമിയില്‍ നിന്നും ഈട്ടിയക്കമുള്ള നൂറുകണക്കിന് വന്‍മരങ്ങളും വനം വകുപ്പിന്റെയോ റവന്യൂ വകുപ്പിന്റെയോ അനുമതിയില്ലാതെ നിയമവിരുദ്ധമായി മുറിച്ചതായി വയനാട് പ്രകൃതിസംരക്ഷസമിതി പരാതി നല്‍കിയിരുന്നു.

500ലധികം വര്‍ഷം പഴക്കമുള്ള 200ലധികം കൂറ്റന്‍ ഈട്ടിമരങ്ങള്‍ മുറിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മരം കടത്തിക്കൊണ്ടുപോകാനുള്ള പാസ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ നിഷേധിച്ചിട്ടും മരംമുറി വിവാദമായി. മരം കടത്താന്‍ അനുവദിക്കണമെന്ന് വനം വകുപ്പിന് മേലും സമ്മര്‍ദമുണ്ടായി. പരാതി ലഭിച്ചിട്ടും മരംമുറി തടയാനോ കേസ് എടുക്കാനോ മരത്തിന്റെ കസ്റ്റോഡിയനായ വയനാട് കലക്ടറോ റവന്യൂ ഉദ്യേഗസ്ഥരോ തയാറായില്ലെന്നും ആരോപണമുയര്‍ന്നു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പ്രഖ്യാപനത്തിനായി കാത്ത് നില്‍ക്കുന്ന വയനാട്ടില്‍ വന്‍ പരിസ്തിഥി പ്രത്യാഘാതങ്ങള്‍ക്ക് ഈ മരംമുറി ഇടയാക്കും. വയനാട്ടില്‍ ശേഷിക്കുന്ന ഈട്ടി മരങ്ങളുടെ അപൂര്‍വ്വ ശേഖരത്തിലാണ് കോടാലി വീഴുന്നത്. അന്താരാഷ്ട്ര തലത്തില്‍ വന്‍ ഡിമാന്റുള്ളതും പശ്ചിമഘട്ടത്തില്‍ മാത്രം വളരുന്നതും ഐ.യു.സി.എന്‍ റെഡ്ഡ് ഡാറ്റാ ബുക്കില്‍ വംശനാശ ഭീഷണിയുള്ള വൃക്ഷമായി രേഖപ്പെടുത്തിയതുമാണ് വയനാടന്‍ ഈട്ടി മരങ്ങള്‍. പാസ് നിഷേധിച്ച റെയിഞ്ച് ഓഫിസറെയും ഡി.എഫ്.ഒയെയും പാഠം പഠിപ്പിക്കുമെന്ന ഭീഷണിയു ഉയര്‍ത്തി.

മരങ്ങള്‍ നീക്കം ചെയ്യാന്‍ പാസ് ആവശ്യപ്പെട്ടുകൊണ്ട് 14 വ്യക്തികള്‍ മേപ്പാടി റെയിഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതോടെയാണ് മരംകൊള്ളയുടെ വിവരം പുറംലോകം അറിയുന്നതു്. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറുടെ എന്‍.ഒ.സിയും ആധാരങ്ങളുടെ പകര്‍പ്പും ലൊക്കേഷന്‍ സ്‌കെച്ചും കൂടാതെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജുവിന്റെ റിപ്പോര്‍ട്ടും അപേക്ഷക്കൊപ്പം സമര്‍പ്പിച്ചിരുന്നു. 1964ലെ ഭൂപതിവു ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് 2020 ഒക്ടോബര്‍ മാസം 24 ന് ഇറക്കിയ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് വില്ലേജ് ഓഫീസര്‍ മുതല്‍ മേല്‍പ്പോട്ടുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ വന്‍മരം കൊള്ളക്ക് അരുനില്‍ക്കുന്നത്.

ഈ ഉത്തരവിന്റെ അവസാനത്തെ ആറാമത് പാരഗ്രാഫില്‍ പട്ടയം ലഭിച്ച ശേഷം തനിയെ കിളിര്‍ത്തു വന്നതും നട്ടുപിടിപ്പിച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മാത്രമെ മുറിക്കാവൂ എന്ന് വ്യക്തമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ ഉത്തരവിനെ മറയാക്കിക്കൊണ്ടാണ് ആദിവാസികള്‍ അടക്കമുള്ളവരില്‍ നിന്നും ചുരുങ്ങിയ വിലക്ക് മരം തട്ടിയെടുത്ത് വന്‍ സ്വാധീനമുള്ള സംഘമാണ് വയനാട്ടില്‍ മരം മുറിച്ചത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പുതിയ ഉത്തരവോടെ മരംപുറിക്ക് പൂട്ട് വീണു.