Friday, May 17, 2024
keralaNews

പി.സി.ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം

കൊച്ചി :മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി.സി.ജോര്‍ജിനു ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണു പി.സി.ജോര്‍ജിനു ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കോടതി നല്‍കിയിട്ടുണ്ട്. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ജോര്‍ജിന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.

തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പി.സി. ജോര്‍ജ് മുന്‍ എംഎല്‍എ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും ജാമ്യം അനുവദിക്കുമ്പോള്‍ കോടതി കണക്കിലെടുത്തു. അന്വേഷണവുമായി സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണമെന്നും ഹൈക്കോടതി ജോര്‍ജിനോടു നിര്‍ദ്ദേശിച്ചു. അതേസമയം, ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.