Monday, May 13, 2024
keralaNewsObituarypolitics

പി.ടി.തോമസിന്റെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക്

കൊച്ചി: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസിന്റെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക് കൊണ്ടു പോകുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പുലര്‍ച്ചയോടെയാണ് ഇടുക്കി ഉപ്പുതോട്ടിലെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. ജില്ലാ കളക്ടറും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ചേര്‍ന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പി.ടി.തോമസിന്റെ മൃതദേഹം ഏറ്റുവാങ്ങി. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി.ടിയുടെ ഉപ്പുതോട്ടിലെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാനായി ഇവിടെ എത്തിയത്.ഉപ്പുതോട്ടില്‍ നിന്നും പുറപ്പെട്ട വിലാപയാത്ര തൊടുപുഴ വഴി കൊച്ചിയിലെത്തും. കൊച്ചി പാലാരിവട്ടത്തെ വസതിയിലെത്തിക്കുന്ന മൃതദേഹം, രാവിലെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും എറണാകുളം ടൗണ്‍ഹാളിലും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4 വരെ കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാകും സംസ്‌കാര ചടങ്ങുകള്‍ നടത്തുക.