Monday, April 29, 2024
keralaNewsObituary

പാലക്കാട് എ ശ്രീനിവാസന്‍ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

പാലക്കാട്: പാലക്കാട് എ ശ്രീനിവാസന്‍ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീര്‍. എന്‍ ഐ എ അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. ഏപ്രില്‍ 16 നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോര്‍ച്ചറിക്ക് പിറകിലെ ഗ്രൗണ്ടില്‍ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകല്‍ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേര്‍ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടര്‍ന്ന് മൂന്ന് പേര്‍ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.