Saturday, April 27, 2024
keralaNewspolitics

പാര്‍ട്ടിയുടെ നയം പ്രതീക്ഷകള്‍ അസ്തമിപ്പിച്ചു.

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച മന്ത്രിമാരിലൊരാളായിരുന്നു കെ കെ ശൈലജ. കോവിഡ്, നിപ്പ തുടങ്ങിയ പകര്‍ച്ച വ്യാധികളോട് പോരാടി ലോകശ്രദ്ധ നേടിയ മന്ത്രി. കോവിഡിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിന് മുന്നില്‍ നിന്ന് കരുത്ത് പകര്‍ന്നത് കെ കെ ശൈലജയായിരുന്നു. ആ പോരാട്ട വീര്യവും കരുതലുമാണ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കെ കെ ശൈലജയെ നിയമസഭയിസലെത്തിച്ചത്.                                                                                                                      രണ്ടാം പിണറായി സര്‍ക്കാരിലും ആരോഗ്യമന്ത്രിയായി ശൈലജയെ തന്നെ ഉറപ്പിച്ചിരിക്കുകയായിരുന്നു പാര്‍ട്ടി അനുഭാവികളും ജനങ്ങളും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷം ഈ പ്രതീക്ഷയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് കാര്യങ്ങളെല്ലാം മാറി മറിഞ്ഞത്. മുഖ്യമന്ത്രിയൊഴികെ മന്ത്രിസഭയിലെ മറ്റുള്ളവര്‍ പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനം പാര്‍ട്ടി സ്വീകരിച്ചതോടെ കേരളത്തിന്റെ സ്വന്തം ടീച്ചറമ്മ മന്ത്രിസ്ഥാനത്തേക്കില്ലെന്ന് ഉറപ്പായി.                                                                                      സംസ്ഥാന സമിതി യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ആണ് മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും കെ.കെ. ശൈലജയ്ക്കു മാത്രം ഇളവു വേണ്ടെന്നുമുള്ള നിലപാട് അറിയിച്ചത്. മന്ത്രിമാരുടെ പട്ടികയും അദ്ദേഹം വായിച്ചു. കമ്മിറ്റിയില്‍ ഭൂരിപക്ഷവും നിര്‍ദേശത്തെ പിന്തണക്കുകയായിരുന്നു. ഏഴ് പേര്‍ മാത്രം ശൈലജയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. മുതിര്‍ന്ന നേതാവ് എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവരാണ് ശൈലജയെ പിന്തുണച്ച് രംഗത്തെത്തിയത്.                                             കോവിഡ് കാലത്തെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായി മാറാന്‍ കെ.കെ. ശൈലജയ്ക്ക് കഴിഞ്ഞു. ആരോഗ്യ മന്ത്രി എന്ന പദവിയേക്കാളുപരി ടീച്ചറമ്മ എന്ന പേര് മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞു. ഉദ്യോഗസ്ഥരോടുള്ള മന്ത്രിയുടെ സമീപനവും ശ്രദ്ധേയമായിരുന്നു. വീഴ്ചകള്‍ കണ്ടാല്‍ കര്‍ശനമായി ശാസിക്കുമെങ്കിലും എല്ലാവരോടും കരുതലോടും സ്‌നേഹത്തോടും പെരുമാറി. മന്ത്രിയെന്ന നിലയില്‍ വലിയ ആത്മവിശ്വാസം തന്റെ ടീം അംഗങ്ങള്‍ക്ക് ശൈലജ ടീച്ചര്‍ പകര്‍ന്നു നല്‍കി. കോവിഡിന്റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ ടീച്ചറമ്മയ്ക്ക് ലോക ശ്രദ്ധ തന്നെ നേടാന്‍ കഴിഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ വരെ കേരളത്തിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ചയായി.പുതുമുഖങ്ങള്‍ വരട്ടെയെന്ന പാര്‍ട്ടിയുടെ തീരുമാനത്തോടെ കേരളത്തിന് നഷ്ടമാകുന്നത് ആരോഗ്യ മന്ത്രി എന്ന നിലയിലുള്ള ടീച്ചറമ്മയുടെ സ്നേഹവും കരുതലുമാണ്.