Saturday, May 4, 2024
indiaNewspolitics

പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് സമീപം ഡ്രോണ്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കോമ്ബൗണ്ടില്‍ ഡ്രോണ്‍ പറന്നത് കണ്ടെത്തിയതായി വിവരം . സംഭവത്തില്‍ സുരക്ഷാ വീഴ്ചയ്ക്കെതിരേ ഇന്ത്യ, പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിന് സമീപവും ഡ്രോണ്‍ ദൃശ്യമായത് . ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ സാങ്കേതികവിദ്യ സൂചിപ്പിക്കുന്നത് ഭരണകൂട പിന്തുണയോടെ പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളായ ജയ്ഷെ – ഇ – മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവരാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നാണ് ശ്രീനഗറിലെ 15 കോര്‍പ്സിന്റെ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഡി.പി. പാണ്ഡെ വ്യക്തമാക്കി.                                                                   പാക് മണ്ണില്‍, ശക്തമായ സുരക്ഷയുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഡ്രോണ്‍ നടത്തിയ സുരക്ഷാ ലംഘനം സ്ഥിതിഗതികള്‍ വഷളാക്കാനാണ് കൂടുതല്‍ സാധ്യത. അതെ സമയം അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങള്‍ എത്തിക്കാന്‍ പാകിസ്താന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ പതിവായി ഡ്രോണ്‍ കാണുന്നതായി റിപ്പോര്‍ട്ട് ചെയ്ത ബിഎസ്എഫ് ചില ഡ്രോണുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് തുരത്തിയിരുന്നു .2019 ഓഗസ്റ്റില്‍ പഞ്ചാബിലെ അമൃത്സറിലെ ഒരു ഗ്രാമത്തില്‍ തകര്‍ന്ന ഡ്രോണ്‍ കണ്ടെത്തിയിരുന്നു. പ്രത്യേക ഡ്രോണ്‍ ഉപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും സംസ്ഥാനത്ത് എത്തിച്ചതായി സുരക്ഷാ സേന അറസ്റ്റുചെയ്ത തീവ്രവാദികളും സമ്മതിച്ചിരുന്നു .