Wednesday, May 1, 2024
keralaNews

പരമ്പരാഗത കാനന പാത 31ന് തുറക്കും; ദേവസ്വം മന്ത്രി

ശബരിമല; കരിമല വഴിയുള്ള കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. മകരവിളക്ക് തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തു ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. 35 കിലോമീറ്റര്‍ കാനനപാതയില്‍ അഴുത മുതല്‍ പമ്പ വരെ 18 കിലോമീറ്റര്‍ പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയാണു കടന്നുപോകുന്നത്. ഇത് പൂര്‍ണമായും തെളിച്ചു. വന്യമൃഗങ്ങളുടെ ശല്യം ഉള്ളതിനാല്‍ യാത്രയ്ക്ക് സമയ നിയന്ത്രണം ഉണ്ട്.

എരുമേലിയില്‍ നിന്ന് രാവിലെ 5.30 മുതല്‍ 10.30 വരെ യാത്ര പുറപ്പെടുന്നവര്‍ക്കു മാത്രമേ സന്ധ്യയ്ക്കു മുന്‍പ് പമ്പയില്‍ എത്താന്‍ കഴിയൂ. ഉച്ചയ്ക്ക് 12നു മുന്‍പ് അഴുത കടന്നുപോകണം. അതിനു ശേഷം വരുന്നവരെ കടത്തിവിടില്ല. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത 10,000 പേര്‍ക്കാണ് പ്രതിദിനം ഇതുവഴി യാത്ര ചെയ്യാനാകുക. തീര്‍ഥാടകര്‍ കൂട്ടമായി വേണം പോകാന്‍.