Friday, April 26, 2024
keralaNewspolitics

പമ്പ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താന്‍ അനുമതി; പ്രതിഷേധവുമായി വിഎച്ച്പി

പത്തനംതിട്ട: പമ്പ മണപ്പുറത്ത് സ്വകാര്യ ട്രസ്റ്റിന് മേള നടത്താന്‍ അനുവാദം നല്‍കിയ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത് രംഗത്ത്. രാമായണ കഥ എന്നപേരില്‍ മേള നടത്താന്‍ സ്വകാര്യ ട്രസ്റ്റിന് ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയാണ് വിവാദത്തിലായത്. നന്ദകിഷോര ബജാരിയ എന്ന സ്വകാര്യ ട്രസ്റ്റിനാണ് ഈ മാസം19 മുതല്‍ 27 വരെ രാമകഥാ മേള എന്ന പേരില്‍ പമ്പാ മണപ്പുറത്ത് പരിപാടി നടത്താന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്.ഏതു സ്വഭാവത്തിലുള്ള ട്രസ്റ്റാണെന്നു പോലും വൃക്തമാക്കാതെ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് പമ്പയില്‍ ദേവസ്വം ബോര്‍ഡിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് മേള നടത്താന്‍ അനുമതി നല്‍കിയ ബോര്‍ഡ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിശ്വഹിന്ദുപരിഷത് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കൊറോണ മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നടത്താനൊരുങ്ങുന്ന ഈ സ്വകാര്യപരിപാടി സംശയാസ്പദമാണ്. ഇക്കാര്യങ്ങളില്‍ ദേവസ്വംബോര്‍ഡ് വിജിലന്‍സ് അന്വേഷണം നടത്തി കൂടുതല്‍ വ്യക്തത വരുത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. പരിപാടി നടന്നാല്‍ ധര്‍മ്മ സമരത്തിലൂടെ വിഎച്ച്പി എതിര്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പറഞ്ഞു. ഭക്തരുടെ വികാരം മനസിലാക്കി ദേവസ്വം ബോര്‍ഡ് എത്രയും വേഗം അനുമതി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പമ്പയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബോര്‍ഡിന്റെ നടപടിയെന്നും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിശ്വഹിന്ദു പരിഷത് പ്രസ്താവനയിലൂടെ അറിയിച്ചു. കൊറോണയുടെ പേരില്‍ പമ്പയില്‍ ഭക്തജനങ്ങള്‍ക്ക് ആചാരങ്ങള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴാണ് സ്വകാര്യ ട്രസ്റ്റിന് മേള നടത്താന്‍ അനുമതി നല്‍കിയതെന്ന് വി.എച്ച്.പി ആരോപിച്ചു.

പരിപാടി നടത്താന്‍ അനുമതി നല്‍കിയ ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത് വ്യക്തമാക്കി. ബലിതര്‍പ്പണം പോലുള്ള ചടങ്ങുകള്‍ക്ക് പമ്പയില്‍ വിലക്കേര്‍പ്പെടുത്തിയ ബോര്‍ഡും ഗവണ്‍മെന്റും ഇത്തരം സ്വകാര്യ ചടങ്ങുകള്‍ക്ക് അനുവാദം നല്‍കിയതിന്റെ പിന്നിലെ രഹസ്യം ഭക്തജനങ്ങളോട് വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു.