Monday, May 6, 2024
EntertainmentindiaNewsworld

സിഎന്‍എന്‍ പ്രസിഡന്റ് ജെഫ് സുക്കര്‍ രാജിവെച്ചു

ന്യൂയോര്‍ക്ക്:സഹപ്രവര്‍ത്തകയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണത്തില്‍ ആഗോള മാദ്ധ്യമ ഭീമനായ കേബില്‍ ന്യൂസ് നെറ്റ് വര്‍ക്കിന്റെ (സിഎന്‍എന്‍) പ്രസിഡന്റ് ജെഫ് സുക്കര്‍ സ്ഥാനം രാജിവെച്ചു. ആരോപണത്തില്‍ സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായതോടെയാണ് ജെഫിന്റെ രാജി.
തനിക്ക് തെറ്റുപറ്റിയെന്നും തുടക്കത്തില്‍ തന്നെ ആബന്ധം അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും പക്ഷേ അതിന് സാധിച്ചില്ലെന്നും അതിനാല്‍ രാജിവെക്കുകയാണെന്നും ജെഫ് പറഞ്ഞു. ആലിസണും ഇക്കാര്യം സ്ഥിരീകരിച്ച് പ്രതികരിച്ചു. 20 വര്‍ഷമായി തുടരുന്ന ബന്ധമാണ് തങ്ങള്‍ തമ്മിലെന്നായിരുന്നു ആലിസണിന്റെ പ്രതികരണം.

സിഎന്‍എന്നിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആലിസണ്‍ ഗെല്ലസ്റ്റുമായുള്ള ബന്ധത്തെക്കുറിച്ച് ജെഫ് കമ്പനിയ്ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തിലൂടെയാണ് രാജിവെയ്ക്കുകയാണെന്ന് ജെഫ് അറിയിച്ചത്.

അമേരിക്കയിലെ ഏറ്റവും ശക്തരായ മാദ്ധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ജെഫ് സുക്കര്‍. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു. 2013ലാണ് സിഎന്‍എന്നിന്റെ തലവനായി ജെഫ് നിയമിതനാകുന്നത്. എന്‍ബിസി യൂണിവേഴ്സലിന്റെ തലവനായും പ്രവര്‍ത്തിച്ചു.