Monday, May 6, 2024
keralaNews

ദിലീപ് ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ തുറക്കില്ല.

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തുറക്കില്ല. ഫോണുകള്‍ കോടതിയില്‍ തുറക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബിലേയ്ക്ക് അയച്ചു പരിശോധനയ്ക്കു വിധേയമാക്കാന്‍ ജസ്റ്റിസ് ആനി വര്‍ഗീസ് ഉത്തരവിട്ടു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് പ്രതിഭാഗം ഉയര്‍ത്തിയ വാദങ്ങളെ അംഗീകരിച്ച് കോടതിയുടെ ഉത്തരവ്.ഫോണുകളുടെ പാറ്റേണ്‍ ശരിയാണോ എന്ന് കോടതിയില്‍ പരിശോധിക്കാതെ അയയ്ക്കുന്നത് പിന്നീട് ലാബില്‍ പരിശോധിക്കുമ്പോള്‍ മാറ്റമുണ്ടെങ്കില്‍ ഫലം ലഭിക്കാന്‍ കാലതാമസമുണ്ടാക്കും എന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഏതെങ്കിലും രീതിയില്‍ കാലതമാസമുണ്ടാകുന്നത് റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന ആക്ഷേപം പിന്നീടു പ്രതിഭാഗം ഉയര്‍ത്തുന്നതിന് ഇടയാക്കുമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതുവരെ പാറ്റേണ്‍ എന്താണ് എന്നു മനസിലാക്കിയിട്ടില്ല. പ്രതിഭാഗത്തിനു മാത്രമാണ് ഇതില്‍ ധാരണയുള്ളത്, അതുകൊണ്ടു തന്നെ ഫോണുകള്‍ ആലുവ കോടതിയില്‍ വച്ചു തുറന്നു പരിശോധിക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.