Tuesday, April 30, 2024
indiaNewspolitics

പത്രിക നല്‍കിയതിന് പിന്നാലെ പിന്മാറി

ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് പിന്മാറി.ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി സ്ഥാപകന്റെ പൊടുന്നനെയുള്ള പിന്മാറ്റത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍.   അനന്ദനാഗ് – രജൗരി മണ്ഡലത്തില്‍ നിന്ന് ഗുലാം നബി ആസാദ് ജനവിധി തേടുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പുതിയ പ്രസ്താവനയില്‍ ആസാദ് മത്സരിക്കുന്നില്ലെന്നും പകരം മുഹമ്മദ് സലീം ജനവിധി തേടുമെന്നും ഡി.പി.എ.പി വ്യക്തമാക്കി. സമ്മേളനം വിളിച്ചുകൂട്ടിയാണ് മത്സരിക്കാനില്ലെന്ന നിലപാട് മുന്‍ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയത്. ഇതിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ രണ്ടിനാണ് അദ്ദേഹം മത്സരിക്കുമെന്ന് അറിയിച്ച് പാര്‍ട്ടി പ്രസ്താവന പുറത്തിറക്കുന്നത്. വര്‍ക്കിംഗ് കമ്മിറ്റി തീരുമാനം പാര്‍ട്ടി വക്താവ് സല്‍മാന്‍ നിസാമി ആണ് അറിയിച്ചത്. അനന്ദനാഗ്-രജൗരി മണ്ഡലത്തില്‍ പിഡിപിയുടെ സ്ഥാനാര്‍ത്ഥി മെഹബൂബ മുഫ്തിയും ഇന്‍ഡി മുന്നണിക്കായി ജനവിധി തേടുന്നത് മിയാന്‍ അല്‍താഫുമാണ്.