Monday, April 29, 2024
keralaNews

ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തര്‍ വീട്ടുമുറ്റങ്ങളില്‍ പൊങ്കാലയര്‍പ്പിച്ചു തുടങ്ങി.

തിരുവനന്തപുരം അഭീഷ്ട വരദായനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തര്‍ വീട്ടുമുറ്റങ്ങളില്‍ പൊങ്കാലയര്‍പ്പിച്ചു തുടങ്ങി. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഒന്‍പതാം ഉത്സവ ദിവസമായ വ്യാഴാഴ്ച രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചത്.

ക്ഷേത്രാങ്കണത്തില്‍ ഉത്സവത്തിന്റെ ആദ്യദിവസം ആരംഭിച്ച തോറ്റംപാട്ടില്‍ രൗദ്രഭാവം പൂണ്ട ദേവി പാണ്ഡ്യ രാജാവിനെയും വധിക്കുന്ന ഭാഗം പാടിത്തീര്‍ന്നതോടെയാണ് അടുപ്പു വെട്ട് ചടങ്ങ് നടന്നത്. ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയര്‍പ്പിച്ച് ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. തോറ്റംപാട്ട് അവസാനിച്ചപ്പോള്‍ തന്ത്രി ശ്രീകോവിലില്‍നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കി. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ തെളിച്ചശേഷം അതേദീപം സഹമേല്‍ശാന്തിക്കു കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും പതിനൊന്നുമണിയോടെ തീ പകര്‍ന്നതോടെ പൊങ്കാലയുടെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങി.