Friday, April 26, 2024
keralaNews

മലപ്പുറത്ത് തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചരവയസ്സുകാരനടക്കം 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം : തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചരവയസ്സുകാരനടക്കം 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം. കോട്ടക്കല്‍, എടരിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ ആറുപേര്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.അയല്‍വാസിയുടെ മലപ്പുറത്തെ ബന്ധു കൊണ്ടുവന്ന പൊങ്ങ് സമീപ വീടുകളിലുള്ളവരടക്കം കഴിക്കുകയായിരുന്നു. കുടുംബത്തിലെ ആണ്‍കുട്ടി ഹോസ്റ്റലിലേക്കും കൊണ്ടുപോയി. എന്നാല്‍ പൊങ്ങ് കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. വയറിളക്കവും ഛര്‍ദിയും ഉണ്ടായതോടെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് മനസ്സിലായത്.രാവിലെ മുറിച്ച് വെച്ച പൊങ്ങ് ഏറെ വൈകി കഴിച്ചതാവാം കാരണമെന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് പറഞ്ഞു. ചൂട് കൂടുന്നതാണ് ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് കേടു സംഭവിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.