Tuesday, May 14, 2024
indiakeralaNewspolitics

വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചു

ദില്ലി: വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചു. ഈ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയില്‍ ബില്ല് ചര്‍ച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബില്ല് രാജ്യസഭയിലും പാസ്സാക്കി. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ കീഴടങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇനി രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചാല്‍ നിയമങ്ങള്‍ റദ്ദാകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാകും. ചര്‍ച്ച കൂടാതെത്തന്നെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്. നിയമങ്ങള്‍ എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്. അതിനാല്‍ ചര്‍ച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.