Tuesday, April 30, 2024
keralaNews

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കൊല്ലം :നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ അന്വേഷണസംഘം എത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജന്‍സിക്കായിരുന്നു. നാല് വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവര്‍ നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ഇന്നുണ്ടായേക്കും. കഴിഞ്ഞ ദിവസം പരാതി നല്‍കിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികള്‍ക്കു പുറമെ മൂന്നു വിദ്യാര്‍ഥിനികള്‍ കൂടി ചടയമംഗലം പൊലീസില്‍ പരാതി നല്‍കി.