Friday, May 17, 2024
keralaNewspolitics

കെ.എസ്.ശബരീനാഥന്റെ പൊലീസ് അറസ്റ്റ് : ഉന്നതതല ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.എസ്.ശബരീനാഥനെ പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയെ കബളിപ്പിച്ചാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സാക്ഷിയായി വിളിപ്പിച്ചയാളെ ചോദ്യം ചെയ്യല്‍ പോലുമില്ലാതെയാണ് അറസ്റ്റു ചെയ്തതെന്നും നേതാക്കള്‍ ആരോപിച്ചു.
അധികാരവും പൊലീസും ഉള്ളതിനാല്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. വ്യാജ അറസ്റ്റാണ് ശബരിയുടേതെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ഭീരുവാണ്. കരിങ്കൊടിയെപ്പോലും ഭയക്കുന്ന ആളാണെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരും പൊലീസും എല്‍ഡിഎഫ് കണ്‍വീനറുമാണ് ശബരീനാഥിനെതിരെ ഗൂഢാലോചന നടത്തിയതെന്ന് ഹൈബി ഈഡന്‍ എംപി. വിമാനത്തില്‍ ജയരാജന്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിടുന്നതിന്റെ വിഡിയോ വ്യക്തമാണ്. അതുകൊണ്ടു തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കണം. ശബരീനാഥനെ അറസ്റ്റു ചെയ്തതിനെതിരായ പ്രക്ഷോഭം സംബന്ധിച്ച പ്രഖ്യാപനം നടത്തേണ്ടത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണെന്നും അദ്ദേഹം പറഞ്ഞു.