Sunday, May 5, 2024
keralaNews

നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് (54) അന്തരിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുക ആയിരുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അറിയിച്ചു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയായ നൗഷാദ്, പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തിരുന്നു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമാണ്.

ടെലിവിഷന്‍ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹം, മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍ , ദിലീപിന്റെ സ്പാനിഷ് മസാല തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്. ഭാര്യ: പരേതയായ ഷീബ നൗഷാദ്. മകള്‍: നഷ്വ.