Thursday, April 25, 2024
keralaNews

കണ്ണൂരില്‍ പഠനാവശ്യത്തിന് മൊബൈലില്‍ റേഞ്ചില്ലാതെ വന്നതോടെ മരത്തില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് പാറക്കൂട്ടത്തില്‍ വീണ് ഗുരുതര പരിക്ക്

കണ്ണൂരില്‍ പഠനാവശ്യത്തിന് മൊബൈലില്‍ റേഞ്ചില്ലാതെ വന്നതോടെ മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി താഴെ വീണു. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനാണ് പൊട്ടലുള്ളത്. കുട്ടിയെ പരിയാരത്ത് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്ലസ് വണ്‍ അലോട്ട്മെന്റ് പരിശോധിക്കാനായാണ് വീടിനടുത്തുള്ള കൂറ്റന്‍ മരത്തിന് മുകളിലേക്ക് അനന്തബാബു കയറിയത്. നിലതെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാര്‍ത്ഥി വീണത്. അനന്തബാബു അടക്കം കോളനിയില്‍ 72 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തത് വലിയ വാര്‍ത്തയായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് കോളനി നിവാസികള്‍.പത്താം ക്ലാസില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാന്‍ ഇതേ മരത്തിന് മുകളില്‍ കയറിയാണ് അനന്തബാബു പഠിച്ചത്. ഇന്ന് ഉച്ചയ്ക്ക് പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാനായിരുന്നു വീണ്ടും മരത്തില്‍ കയറിയത്. വീണ ഉടനെ തന്നെ കുട്ടിയെ കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരത്തേക്ക് മാറ്റി.