Friday, May 17, 2024
keralaNews

നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഈ രേഖകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതണം.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.ആദ്യം ഘട്ടം ഡിസംബര്‍ എട്ടിനും രണ്ടാം ഘട്ടം ഡിസംബര്‍ പത്തിനും മൂന്നാം ഘട്ടം ഡിസംബര്‍ പതിനാലിനും വിധിയെഴുതും.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും മൂന്നാം ഘട്ടത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ പതിനാറിനാണ് വോട്ടെണ്ണല്‍.

വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ രേഖകള്‍

പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകന്‍ പ്രവേശിക്കുമ്പോഴും അയാള്‍ പ്രിസൈഡിംഗ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയോ അല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പോ ഹാജരാക്കേണ്ടതാണ് എന്ന് നഗര പഞ്ചായത്തീരാജ് (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ താഴെപ്പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്

2. പാസ് പോര്‍ട്ട്

3. ഡ്രൈവിംഗ് ലൈസന്‍സ്

4.പാന്‍ കാര്‍ഡ്

5. ആധാര്‍ കാര്‍ഡ്

6. ഫോട്ട് പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്

7. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്

8. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്