Friday, May 17, 2024
keralaNews

പഞ്ചായത്ത് അംഗത്തെ കൊലപ്പെടുത്തി ; അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര

യുവാവിനെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡില്‍ വീണതോടെയാണ് നടക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയില്‍നിന്നാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ തിരയുകയാണ് പൊലീസ്.തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടൈക്കു സമീപത്തെ അലങ്കാനാട് റോഡിലൂടെ രാവിലെ പോയവര്‍ ആ കാഴ്ച കണ്ടു ഞെട്ടി. അറുത്തെടുത്ത ചോര ഉറ്റി വീഴുന്ന മനുഷ്യന്റെ തല നടുറോഡില്‍ കിടക്കുന്നു. ഇരുചക്രവാഹനത്തില്‍ പോയവരില്‍ നിന്ന് താഴെ വീണതാണ് തലയെന്നറിഞ്ഞപ്പോള്‍ ഞെട്ടല്‍ വീണ്ടും കൂടി. വിവരമറിഞ്ഞു പൊലീസ് കുതിച്ചെത്തി.

തുടര്‍ നടപടികള്‍ സ്വീകരിച്ചു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് എന്ന 34 കാരനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ സമീപത്തെ കയര്‍ ഫാക്ടറിയില്‍ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്.കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയര്‍ ഫാക്ടറിയില്‍ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകള്‍ പ്രദേശത്തെ ഗുണ്ടാസംഘത്തില്‍ സജീവ അംഗമായ രാജേഷിന്റെ പേരിലുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡിഎംകെയില്‍ ചേരുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ ആരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.