Friday, April 26, 2024
HealthkeralaNews

നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; കാഞ്ഞിരപ്പള്ളി മേരീക്വീന്‍സില്‍ 87കാരിയുടെ കഴുത്തില്‍ വളര്‍ന്ന വലിയ മുഴ നീക്കി.

സര്‍ജറി വിഭാഗത്തിലെ ഡോക്ടറുമാരുടെ സംഘം നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 87കാരിയുടെ കഴുത്തില്‍ വളര്‍ന്ന വലിയ മുഴ നീക്കി.കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലിലാണ് സംഭവം.
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 87കാരിയുടെ കഴുത്തില്‍ വളര്‍ന്ന അരക്കിലോയിലധികം ഭാരമുള്ള മുഴ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ ജോര്‍ജും സംഘവും പുറത്തെടുത്തത്.മള്‍ട്ടി നോഡുലാര്‍ ഗോയിറ്റര്‍ എന്ന രോഗാവസ്ഥ ബാധിച്ചു ഭക്ഷണം പോലും കഴിക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍.
സാധാരണ ഇത്തരത്തിലുള്ള തൈറോയിഡ് മുഴകള്‍ക്ക് 25 മുതല്‍ 30 ഗ്രാം വരെ വളര്‍ച്ച ഉണ്ടാകുമ്പോഴാണ് ഇവര്‍ക്ക് അത് അരക്കിലോയിലധികം വളര്‍ന്നത്. മുഴയുടെ വളര്‍ച്ച കഴുത്തിലെ രക്തക്കുഴലിനെയും ശ്വാസനാളിയെയും ഞെരുക്കുകയും മുഴ നെഞ്ചും കൂടിനുള്ളിലേക്കു വളരുകയും ചെയ്ത് ഇവരെ ഏറെ ദുരിതത്തിലാക്കിരുന്നു.
ഇവരുടെ അസുഖം നേരത്തെ കണ്ടെത്തിയെങ്കിലും, പ്രായവും മറ്റു സങ്കീര്‍ണതകളും കണക്കിലെടുത്ത് മറ്റു പല ഡോക്ടര്‍മാരും ഇവരെ കൈയൊഴിയുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി എത്തുന്നത്. കഴിഞ്ഞ മാസം 18 ന് നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കഴുത്തിലെ മുഴ നീക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗി സാധാരണ നിലയിലേക്ക് മടങ്ങിയെന്നും രോഗിക്ക് ശ്വാസം മുട്ടലോ, സ്വര വ്യത്യാസമോ മറ്റു അസ്വസ്ഥതകളോ ഇല്ലായെന്നും പൂര്‍ണ്ണാരോഗ്യവതിയായിയിരിക്കുന്നുവെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ഹോസ്പിറ്റലിലെ ജനറല്‍, താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിഭാഗം സര്‍ജന്‍ ഡോ. ജോര്‍ജ് മോഹനും, അനസ്തേഷ്യയോളജിസ്റ്റ്് ഡോ. പ്രദീപും പറഞ്ഞു.