Friday, May 17, 2024
keralaNews

നവജാത ശിശു മരിച്ച കേസില്‍ വഴിത്തിരിവ് :ഐഡി വ്യാജം; ദുരൂഹതയേറുന്നു.

കൊല്ലം നവജാത ശിശു മരിച്ച കേസില്‍ വഴിത്തിരിവ്. അമ്മ രേഷ്മയുടെ ഫെയ്‌സ്ബുക് സുഹൃത്തിന്റെ ഐഡി അനന്ദു എന്നാണെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ അനന്ദു എന്ന പേരിലുള്ള ഈ അക്കൗണ്ട് വ്യാജമെന്നാണു സംശയം. കാമുകനുവേണ്ടി കുഞ്ഞിനെ ഒഴിവാക്കിയെന്നായിരുന്നു രേഷ്മയുടെ മൊഴി. പലയിടങ്ങളിലും പോയിട്ടും രേഷ്മയ്ക്ക് അനന്ദുവിനെ കാണാനായില്ലായിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് യുവതികള്‍ മരിച്ചതോടെ സംഭവത്തിലെ ദുരൂഹതകള്‍ അന്വേഷിക്കുകയാണു പൊലീസ്. കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണു രേഷ്മ പൊലീസിനോടു പറഞ്ഞത്. തുടര്‍ന്ന് കാമുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. അപ്പോഴാണ് രേഷ്മ ഉപയോഗിച്ച നമ്പര്‍ ഇന്നലെ ഇത്തിക്കരയാറില്‍ മരിച്ച ആര്യയുടെ പേരിലുള്ളതാണെന്നു മനസ്സിലായത്. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ആര്യയെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു.എന്നാല്‍ ഹാജരാകാതിരുന്ന ആര്യയുടെയും ഗ്രീഷ്മയുടേയും മൃതദേഹങ്ങള്‍ പുഴയില്‍നിന്നു ലഭിക്കുകയായിരുന്നു. രേഷ്മയും അനന്ദുവും ചില വാട്‌സാപ് ചാറ്റുകളും നടത്തിയിട്ടുണ്ട്. വാട്‌സാപ് കോളുകള്‍ വീണ്ടെടുക്കാന്‍ സാധിക്കുകയുമില്ല. സൈബര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാത്രമേ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂവെന്നാണ് പൊലീസില്‍നിന്നുള്ള വിവരം.