Monday, April 29, 2024
indiaNewsSports

നമാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഹൈദരാബാദ് : ബിസിസിഐയുടെ കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ നമാന്‍ അവാര്‍ഡുകള്‍ ഹൈദരാബാദില്‍ ചടങ്ങില്‍ വിതരണം ചെയ്തു. 2019-20, 2020-21, 2021-22, 2023 വര്‍ഷങ്ങളിലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം മുഹമ്മദ് ഷമി , രവിചന്ദ്രന്‍ അശ്വിന്‍ , ജസ്പ്രീത് ബുമ്ര, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഏറ്റുവാങ്ങി. കോവിഡിന് ശേഷം ഇതാദ്യമായാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്.  കഴിഞ്ഞ വര്‍ഷം രാജ്യാന്തര തലത്തില്‍ കാഴ്ചവച്ച മികച്ച പ്രകടനമാണ് ഗില്ലിനെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷം ഗില്‍ അതിവേഗത്തില്‍ 2000 റണ്‍സ് പിന്നിട്ടിരുന്നു. ഇതില്‍ അഞ്ച് സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 2019-20 വര്‍ഷത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് 19.81 ശരാശരിയില്‍ 77 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ പലപ്പോഴും പരിക്കേല്‍ക്കാറുണ്ട്. ടീമിനൊപ്പം കളിക്കുന്നതാണ് എന്റെ സന്തോഷം. ടീം ആവശ്യപ്പെടുമ്പോഴെല്ലാം കളിക്കാന്‍ തയ്യാറാണെന്നാണ് അവാര്‍ഡിന് ശേഷം ഷമി പറഞ്ഞത്. അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവി ശാസ്ത്രിക്കും ഫറോഖ് എഞ്ചിനീയര്‍ക്കും അഭിമാനകരമായ കേണല്‍ സികെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേര്‍ന്നാണ് ഇരുവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള മാധവറാവു സിന്ധ്യ പുരസ്‌കാരത്തിന് ജയദേവ് ഉനദ്കട്ട് , മായങ്ക് അഗര്‍വാള്‍ , സര്‍ഫറാസ് ഖാന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.