Friday, April 26, 2024
keralaNews

നന്ദികേശന്റെ  ചിതാഭസ്മം അഴുതനദിയിൽ ഒഴുക്കി . 

ഏറെ ദൈവീക പരിവേഷത്തോടെ വർഷങ്ങളായി വളർത്തുകയും കഴിഞ്ഞ കുറച്ച് ദിവസത്തെ അവശതക്കൊടുവിൽ  മരിക്കുകയും ചെയ്ത കാളകെട്ടി അഴുത നദിക്കരയിലെ വള്ളിപ്പറമ്പില്‍ വീട്ടില്‍ സുലോചന  വളർത്തിക്കൊണ്ടുവന്ന
നന്ദികേശന്റെ ചിതാഭസ്മം അഴുതനദിയിൽ ഒഴുക്കി.
ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ കാളകെട്ടി ശങ്കരനാരായണ ക്ഷേത്രത്തിന് സമീപമാണ്  നന്ദികേശനെ വളർത്തിയിരുന്നത്. അവശതയിലായതിനെ തുടർന്ന് മുക്കൂട്ടുതറയിലെ സർക്കാർ മൃഗാശുപത്രിയിൽ നിന്നും ഡോക്ടർ എത്തി മരുന്നുകൾ നൽകി സുഖംപ്രാപിച്ചു വരുന്നതിനിടെ വീണ്ടും അവശതയിലായി മരിക്കുകയായിരുന്നു  നന്ദികേശനായി കഴിഞ്ഞ ദിവസം അഗ്‌നിഹോത്ര പൂജയടക്കം നിരവധി വഴിപാടുകളും പ്രാര്‍ത്ഥനയുമാണ് ഇവിടെ നടത്തിയത് .
പ്രകൃതിയിലുണ്ടാകുന്ന ദുരന്തങ്ങളെ സംബന്ധിച്ച് മുന്‍കൂട്ടി സൂചന നല്‍കുന്ന പ്രത്യേകതയിലൂടെയാണ് നന്ദികേശന്‍ ഇതിനോടകം പ്രസിദ്ധനായത് .   സംസ്ഥാനത്ത്  ചില ക്ഷേത്രങ്ങളില്‍ തീപിടിച്ചതും,കൊറോണയുടെ വരവും,പ്രകൃതിക്ഷോഭങ്ങളുമെല്ലാം നന്ദികേശന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രകടമാക്കിയിരുന്നതായും നന്ദികേശനെ പരിപാലിച്ചിരുന്ന സുലോചന പറഞ്ഞു .   12 വയസ്സുള്ള നന്ദികേശനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളെകെട്ടി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ നിന്നുമാണ് ലഭിച്ചത്.നന്ദികേശന്റെ ഈ പ്രത്യേകത അറിഞ്ഞ് പല പ്രമുഖരും കാളകെട്ടിയിലെത്തിയതോടെയാണ് നന്ദികേശന്‍ ശ്രദ്ധേയനായത്. നന്ദികേശൻ വളർന്ന തൊഴുത്തിൽ തന്നെ  ചിതയൊരുക്കിയാണ് സംസ്കാരം നടത്തിയത് . ചിതയിൽ നിന്നും അസ്ഥികളും മറ്റും എടുത്ത് ആചാരവിധിപ്രകാരമുള്ള കർമ്മങ്ങൾ ചെയ്തതിന് ശേഷമാണ് അസ്ഥികൾ സമീപത്തുള്ള അഴുത നദിയിൽ ഒഴുക്കിയത് .