Friday, May 10, 2024
EntertainmentkeralaNews

നടി മാലാ പാര്‍വതി താരസംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ചു.

തിരുവനന്തപുരം :നടി മാലാ പാര്‍വതി താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ചു. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്നു നടന്‍ വിജയ് ബാബു അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നല്‍കിയ കത്ത് അമ്മ എക്സിക്യൂട്ടീവ് അംഗീകരിച്ചു. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് മാറിനില്‍ക്കുന്നതെന്ന് വിജയ് ബാബു സംഘടനയെ അറിയിച്ചു.

യുവനടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിയുടെ പേരു വെളിപ്പെടുത്തി സമൂഹമാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തതും വന്‍വിവാദമായി. ഇതോടെ വിജയ് ബാബു ഒളിവില്‍ പോയിരുന്നു.